A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.
2024 june

2024 ജൂലൈ 5
ന്യൂസ് കോര്‍ഡിനേഷന്‍:
ജോയിച്ചന്‍ പുതുക്കുളം; പി.പി.ചെറിയാന്‍

ജോണ്‍ ജേക്കബ് നോര്‍ത്ത് കരോളിനയില്‍ അന്തരിച്ചു -ബിനോയി സെബാസ്റ്റ്യന്‍

ഷാര്‍ലറ്റ്: അടൂര്‍ തട്ടയില്‍ കുളത്തിന്‍ കരോട്ടുവീട്ടില്‍ ജോണ്‍ ജേക്കബ് (ജോസ്) നോര്‍ത്ത് കരോളിനയിലെ ഷാര്‍ലറ്റില്‍ അന്തരിച്ചു. പത്തു വര്‍ഷത്തോളം ഇന്‍ഡ്യന്‍ നേവിയിലുള്ള വിശിഷ്ടസേവനത്തിനുശേഷം 1984ല്‍ അമേരിക്കയിലേത്തി. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഫസ്റ്റ് ഫിഡലിറ്റി ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. 1996ല്‍ ഷാര്‍ലറ്റിലേക്കു താമസം മാറി. പരേതരായ കെ. കെ. ജേക്കബും പൊന്നമ്മ ജേക്കബുമാണ് മാതാപിതാക്കള്‍. സുസന്‍ ജേക്കബ് ഭാര്യയും ജയ്സണ്‍ ജേക്കബ്, ഷോണ്‍ ജേക്കബ് എന്നിവര്‍ മക്കളുമാണ്. സഹോദരങ്ങള്‍: കോശി ജേക്കബ് (ന്യയോര്‍ക്ക്), മാത്യൂ ജേക്കബ് (ഹ്യൂസ്റ്റന്‍), ഫിലിപ്പ് ജേക്കബ് (ന്യൂയോര്‍ക്ക്), ജോര്‍ജ് ജേക്കബ് (അറ്റ്ലാന്‍റാ), മറിയാമ്മ ജോസ് (ഹൂസ്റ്റന്‍), ഏലിയാമ്മ കുര്യന്‍ (നൂയോര്‍ക്ക്). ജൂലൈ 5, വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 7 വരെ ജെയിംസ് ഫ്യൂണറല്‍ ഹോമില്‍ വച്ചാണ് വിസിറ്റേഷന്‍ സര്‍വ്വീസ്. ജൂലൈ 6ന് ശനിയാഴ്ച രാവിലെ ഹാരീസ് കാമ്പസ് ഹിക്കറി ഗ്രോവ് ബാപ്റ്റിസ്റ്റു ചര്‍ച്ചില്‍ 11 മണിക്ക് സംസ്ക്കാര ചടങ്ങുകള്‍ ആരംഭിച്ച് ഗസ്തമന സിമറ്ററി ആന്‍ഡ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ പൂര്‍ത്തിയാകും.

സാന്‍ അന്‍റോണിയോ ടെക്സസ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ ആഘോഷം 13ന് ശനിയാഴ്ച വൈകിട്ട്

സാന്‍ അന്‍റോണിയോ ടെക്സസ് ഒരുക്കുന്ന ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ ആഘോഷം ജൂലൈ 13 ശനിയാഴ്ച വൈകുന്നേരം 6.30ന് സാന്‍ അന്‍റോണിയോ ഓക്സ്ഫഡ് മെതഡിസ്റ്റ് ചര്‍ച്ചില്‍വച്ച് നടക്കും. റവ. എഡ്വേര്‍ഡ് വില്യം കുന്‍റം (ഇന്ത്യ) ചടങ്ങില്‍ മുഖ്യ പ്രഭാഷകനായിരിക്കും. ബ്രദര്‍ റെക്റ്റര്‍ ആര്യ, റവ.സാക് ചെറിയാന്‍, പാസ്റ്റര്‍ ഫിലിപ് സുന്ദര്‍, വെരി. റവ. ബിജോയ് എസ് റബാന്‍, റവ. ജെയിംസ് കെ ജോണ്‍, പാസ്റ്റര്‍ ക്ലമന്‍റ് വര്‍ഗീസ്, പാസ്റ്റര്‍ സജി ജോണ്‍, ബ്രദര്‍ ജോണ്‍ കുരപടി, പാസ്റ്റര്‍ നരേഷ് ടി, ബ്രദര്‍ ഗൗതം രാജന്‍, ബ്രദര്‍ സിറിയക് സ്കറിയ, ബ്രദര്‍ ബിജോ കാരക്കാട്ട്, പാസ്റ്റര്‍ കുമരേശന്‍, ബ്രദര്‍ ഡെറക് വാട്ട്സന്‍, റവ.ഫാ സുനോജ് മാലിയില്‍ എന്നിവര്‍ പ്രസംഗിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് ; പ്രവീണ്‍ കെ 859 619 2726, മുരളി 224 877 1791, പ്രഭാകര്‍ 210 995 5749, ബിനു ജോര്‍ജ് 210 668 5436.

ക്വീന്‍സ് ഇടവകയില്‍ ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ - ജോസഫ് പാപ്പന്‍

ന്യു യോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ത്രിദിന വെക്കേഷന്‍ ബൈബിള്‍ ക്ളാസ്സുകള്‍ (ജൂലൈ ഒന്നുമുതല്‍ മൂന്നുവരെ) ക്വീന്‍സ് സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിജയകരമായി പര്യവസാനിച്ചു. വേദപഠനവും, പാട്ടുകളും ആക്ഷന്‍ സോങ്ങുകളും, മാജിക് ഷോയും മറ്റു കലാപരിപാടികളുമൊക്കെയായി ഇരുന്നൂറിലധികം വരുന്ന കുട്ടികള്‍ വേനലവധിക്കാലത്തിന്‍റെ തുടക്കം ആവേശത്തോടെ ആസ്വദിച്ചു. വോളന്‍റിയേഴ്സും അധ്യാപകരുമായി എഴുപതുപേരും ഇടവക പ്രധിനിധികളും, ഭദ്രാസന സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ റവ.ഫാ.ഡോ.തിമോത്തി തോമസ്, ഏരിയ കോഓര്‍ഡിനേറ്റര്‍ മിനി കോശി, ഒ വി ബി എസ് കോഓര്‍ഡിനേറ്റര്‍ സൗമ്യ മാത്യു, അസി. കോര്‍ഡിനേറ്റര്‍ ഏയ്ഞ്ചല്‍ ജോസഫ്, ജൊഹാന്‍ ജോണ്‍സന്‍, ഭദ്രാസനത്തിലെ വൈദികരായ വെരി. റവ .പൗലോസ് ആദായി കോര്‍ എപ്പിസ്കോപ്പാ, റവ.ഫാ. ജോണ്‍ തോമസ്, റവ.ഫാ. എബ്രഹാം ഫിലിപ്പ്, റവ.ഫാ ജോര്‍ജ് ചെറിയാന്‍, റവ.ഫാ. ഡെന്നിസ് മത്തായി, ഇടവക വികാരി റവ. ഫാ. ജെറി വര്‍ഗീസ് എന്നിവര്‍ വളരെ അടുക്കും ചിട്ടയോടും കൂടി ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ടു കൊണ്ടുപോകുന്നതിന് നേതൃത്വം നല്‍കി.

മാര്‍ത്തോമ്മാ സഭ സീനിയര്‍ വികാരി ജനറലായി റവ. ഡോ. ഈശോ മാത്യു ചുമതലയേറ്റു - പി പി ചെറിയാന്‍

ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മാ സഭ സീനിയര്‍ വികാരി ജനറലായി റവ. ഡോ.ഈശോ മാത്യു (64) ചുമതലയേറ്റു. നിരണം മാരാമണ്‍ ഭദ്രാസനത്തിന്‍റെ വികാരി ജനറലായി അദ്ദേഹം തുടരും. സീനിയര്‍ വികാരി ജനറല്‍ റവ. ജോര്‍ജ് മാത്യു വിരമിച്ചതിനെ തുടര്‍ന്നാണിത്. ടി.ഇ.മാത്യുവിന്‍റെയും റേച്ചലിന്‍റെയും മകന്‍. 1985 മേയ് 29 നു ശെമ്മാശ പട്ടവും 15ന് വൈദിക പട്ടവും സ്വീകരിച്ചു. സഭാ കൗണ്‍സില്‍ അംഗം, മലങ്കര സഭാ താരക ചീഫ് എഡിറ്റര്‍, തിരുവല്ല കൊമ്പാടി എപ്പിസ്കോപ്പല്‍ ജൂബിലി ഇന്‍സ്റ്റിറ്റ്യുട്ട് പ്രിന്‍സിപ്പല്‍, സഭയുടെ സോഷ്യോ പൊളിറ്റിക്കല്‍ കമ്മിഷന്‍ കണ്‍വീനര്‍, വൈദിക തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ സുവര്‍ണജൂബിലി പദ്ധതികളായ അഭയം ഭവന പദ്ധതി, ലക്ഷ്യ വിദ്യാഭ്യാസ സഹായ പദ്ധതി എന്നിവയുടെ കണ്‍വീനറായും അദ്ദേഹം ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിച്ചു. വിവിധ ഇടവകകളില്‍ വികാരിയായിരുന്നു. 2022 ഫെബ്രുവരി 28 ന് തിരുവല്ല സെന്‍റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടന്ന നിയോഗ ശുശ്രൂഷയില്‍ വികാരി ജനറലായി സ്ഥാനമേറ്റു. റാന്നി നിലയ്ക്കല്‍, ചെങ്ങന്നൂര്‍ മാവേലിക്കര എന്നീ ഭദ്രാസനങ്ങളിലും വികാരി ജനറല്‍ ആയിരുന്നു.

ഫാമിലി ആന്‍റ് യൂത്ത് കോണ്‍ഫറന്‍സ് സുവനീര്‍ റിലീസിന് തയ്യാര്‍ - ഉമ്മന്‍ കാപ്പില്‍

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി, യൂത്ത് കോണ്‍ഫറന്‍സിന്‍റെ സ്മരണാര്‍ത്ഥം പുറത്തിറക്കുന്ന സുവനീര്‍ ജൂലൈ 10 മുതല്‍ 13 വരെ പെന്‍സില്‍വേനിയ ലാങ്കസ്റ്ററില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പ്രകാശനം ചെയ്യും. 6 മാസമായി ഫാമിലി ആന്‍റ് യൂത്ത് കോണ്‍ഫറന്‍സിന്‍റെ സുവനീര്‍ കമ്മിറ്റിയുടെയും ഫൈനാന്‍സ് കമ്മിറ്റിയുടെയും കഠിനാധ്വാനത്തിന്‍റെ പരിസമാപ്തിയാണ് സുവനീര്‍ എന്ന് ചീഫ് എഡിറ്റര്‍ ദീപ്തി മാത്യു പറഞ്ഞു. സുവനീര്‍ കമ്മിറ്റി അംഗങ്ങളും ഫൈനാന്‍സ് കമ്മിറ്റി അംഗങ്ങളും ഭദ്രാസനത്തിലെ വിവിധ ഇടവകകള്‍ സന്ദര്‍ശിച്ച് സുവനീറിന്‍റെ പ്രചാരണത്തിനും ലേഖനങ്ങളും പരസ്യങ്ങളും ശേഖരിക്കാനും എത്തിയിരുന്നു. സുവനീര്‍ ഉള്ളടക്കത്തിലും പങ്കാളിത്തത്തിലും വിജയകരമാക്കാന്‍ എല്ലാ ഇടവകകളില്‍ നിന്നുമുള്ള പിന്തുണയും പ്രോത്സാഹനവും ലഭിച്ചുവെന്ന് ഫൈനാന്‍സ് കോര്‍ഡിനേറ്റര്‍ ജോണ്‍ താമരവേലില്‍ അറിയിച്ചു. കോണ്‍ഫറന്‍സിന്‍റെ രണ്ടാം ദിവസമായ ജൂലൈ 11 വ്യാഴാഴ്ച അഭിവന്ദ്യ സഖറിയ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത സുവനീര്‍ പ്രകാശനം ചെയ്യും. സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ ജനറലും പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് മീനടം മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികന്‍ ഫാ. ജോയല്‍ മാത്യുവും യുവജന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ബൈബിള്‍, വിശ്വാസം, സമകാലിക വിഷയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം സംവേദനാത്മക സെഷനുകള്‍ ഉണ്ടായിരിക്കും. ജോണ്‍ താമരവേലില്‍ ഫൈനാന്‍സ് കോര്‍ഡിനേറ്റര്‍ കുടുംബാരാധനയും ബന്ധങ്ങളും ശക്തിപ്പെടുന്നതിന് സമഗ്രമായ പരിപാടികളാണ് കോണ്‍ഫറന്‍സില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫാ.അബു പീറ്റര്‍, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ (ഫോണ്‍: 914 806 4595), ചെറിയാന്‍ പെരുമാള്‍, കോണ്‍ഫറന്‍സ് സെക്രട്ടറി (ഫോണ്‍. 516 439 9087).

ഡാലസ് കേരള അസോസിയേഷന്‍ അമേരിക്കന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു - പി പി ചെറിയാന്‍

ഡാലസ്: 1776 ജൂലൈ 4ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക സ്ഥാപിച്ചുകൊണ്ട് രണ്ടാം കോണ്ടിനെന്‍റല്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചതിനെ അനുസ്മരിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ സ്വാതന്ത്ര്യ ദിനം, ജൂലൈ നാലിനു ഡാലസ് കേരള അസോസിയേഷന്‍ സമുചിതമായി ആഘോഷിച്ചു. ഇതിനോട് അനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഡാളസിലെ ചുട്ടു പൊള്ളുന്ന വെയിലിനെ അവഗണിച്ചു ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മേഖലകളില്‍ നിന്നും നിരവധി പേര്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഗാര്‍ലാന്‍ഡിലുള്ള കേരള അസോസിയേഷന്‍ ഓഫീസ് പരിസരത്ത് എത്തിച്ചേര്‍ന്നു. പതാക ഉയര്‍ത്തുന്നതിന് മുന്‍പ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് സൈക്കിള്‍ റാലി സംഘടിപ്പിച്ചു. തുടര്‍ന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മന്‍ജിത് കൈനിക്കര സ്വാഗതമാശംസിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് പ്രദീപ് നാഗനൂലില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങു നടത്തി. ലോകത്തിലെ ആദ്യത്തെ ജനാധിപത്യരാജ്യമായ അമേരിക്കയില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ നിന്നും എത്തിച്ചേര്‍ന്ന നമ്മളെ സംബന്ധിച്ചു സ്വാതന്ത്ര്യത്തിന്‍റെ വില എന്താണെന്ന് ആവര്‍ത്തിക്കേണ്ടതില്ലെന്നു പ്രസിഡന്‍റ് പറഞ്ഞു. തുടര്‍ന്ന് അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ ചരിത്ര പശ്ചാത്തലം പ്രസിഡന്‍റ് വിവരിക്കുകയും എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേരുകയും ചെയ്തു. ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജുക്കേഷന്‍ സൊസൈറ്റി പ്രസിഡണ്ട് ഷിജു എബ്രഹാം ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ബോബന്‍ കൊടുവത്, ടോമി നെല്ലുവേലില്‍, സുബി ഫിലിപ്പ്, ജെയ്സി രാജു, വിനോദ് ജോര്‍ജ്, സാബു മാത്യു, ഫ്രാന്‍സിസ് തോട്ടത്തില്‍, സെബാസ്റ്റ്യന്‍ പ്രാകുഴി, ജോര്‍ജ് വിലങ്ങോലില്‍, ഹരിദാസ് തങ്കപ്പന്‍, രാജന്‍ ഐസക്, സിജു വി ജോര്‍ജ്, ബേബി കൊടുവത് തുടങ്ങിയവര്‍ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. കേരള അസോസിയേഷന്‍ ആദ്യകാല പ്രവര്‍ത്തകന്‍ ഐ വര്‍ഗീസിന്‍റെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കു ശേഷം പങ്കെടുത്ത എല്ലാവര്‍ക്കും മധുര വിതരണവും, പ്രഭാത ഭക്ഷണവും ക്രമീകരിച്ചിരുന്നു

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ അമേരിക്കയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു - അജു വാരിക്കാട്

സ്റ്റാഫോര്‍ഡ്: ജൂലൈ 4ന് സ്റ്റാഫോര്‍ഡില്‍ കേരള ഹൗസില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങോടെ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ അമേരിക്കയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പരിപാടിയുടെ എം.സി ആയ അനിലാ സന്ദീപ്, മാഗ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ലതീഷ് കൃഷ്ണനെ സ്വാഗതപ്രസംഗത്തിന് ക്ഷണിച്ചതോടെ മാഗിന്‍റെ ജൂലൈ 4 ആഘോഷങ്ങള്‍ക്ക് പ്രാരംഭം കുറിച്ചു. സ്വാഗതസന്ദേശത്തിന് ശേഷം അമേരിക്കയുടെ ദേശീയഗാനം ആലപിക്കുകയും അമേരിക്കന്‍ പതാക മേയര്‍ കെന്‍ മാത്യു ഉയര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കയും മാഗ് പ്രസിഡന്‍റ് മാത്യൂസ് മുണ്ടക്കല്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുകയും ചെയ്തു. 'നമ്മള്‍ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം നമ്മുടെ മുന്‍ഗാമികളുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ്. നമുക്ക് ജന്മം നല്‍കിയ പെറ്റമ്മയെപോലെ തന്നെ നമ്മെ പരിപാലിക്കുന്ന പോറ്റമ്മക്കും തുല്യ മഹത്വം നല്‍കണം- അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്‍റെ ആശയം എത്ര മഹത്തരമെന്ന് സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ വിശേഷിപ്പിച്ചു. സ്വാതന്ത്ര്യം ആഘോഷം മാത്രമല്ല, വലിയ ഉത്തരവാദിത്തം കൂടിയാണെന്നും ജഡ്ജ് സുരേന്ദ്രന്‍ കെ. പട്ടേല്‍ ഓര്‍മ്മപ്പെടുത്തി. മുന്‍ പ്രസിഡന്‍റും ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനറുമായ ശശിധരന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് വാസുദേവന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ജോര്‍ജ് തെക്കേമല നന്ദി പറഞ്ഞു.

ക്രൈസ്തവ ഐക്യത്തിന്‍റെ വിളംബരമായി ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനാചരണം; ഇന്ത്യയിലെ മതപീഡനത്തില്‍ ദുഃഖം

ന്യു യോര്‍ക്ക്: ഇന്ത്യയില്‍ പീഡനമനുഭവിക്കുന്ന സഹോദരരോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും ഭിന്നതകള്‍ക്കിടയിലും ക്രിസ്തുവില്‍ തങ്ങള്‍ ഒന്നാണെന്ന സന്ദേശം നല്‍കിയും സേവനരംഗത്തെ ക്രൈസ്തവ സംഭാവനകള്‍ വിളംബരം ചെയ്തും മൂന്നാമത് ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം ആഘോഷിച്ചു. മൂന്നു വര്‍ഷം മുന്‍പ് ന്യു യോര്‍ക്കില്‍ മാത്രമായിരുന്നു ആഘോഷങ്ങളെങ്കില്‍ ഇന്നത് അമേരിക്കയിലെ പത്ത് നഗരങ്ങളിലേക്ക് വ്യാപിച്ചുവെന്നതില്‍ ദൈവത്തിനു നന്ദി പറയുന്നുവെന്ന് ആഘോഷം സംഘടിപ്പിച്ച ഫിയക്കൊന (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക) പ്രസിഡന്‍റ് കോശി ജോര്‍ജ് പറഞ്ഞു. സഭാവിഭാഗം നോക്കാതെ വിവിധ ചര്‍ച്ചുകളില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു. സഭാസമൂഹങ്ങളുടെ ക്വയര്‍ ഹൃദയാര്‍ജ്ജവമായി. ഇന്ത്യയിലെ പീഡനങ്ങളില്‍ നിരാശരാകാതെ സേവനരംഗത്ത് നൂറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സാക്ഷ്യം അഭംഗുരം തുടരുന്നതില്‍ പ്രാസംഗികര്‍ സംതൃപ്തി രേഖപ്പെടുത്തി. തിന്മയുടെ ആശയങ്ങള്‍ ശക്തിപ്പെടുമ്പോഴും സ്നേഹത്തിലൂടെ പ്രതികരിക്കുന്ന ക്രൈസ്തവ സമൂഹത്തിന്‍റെ മാതൃകയും അവര്‍ എടുത്തു പറഞ്ഞു.